Wednesday, August 16, 2006

സഹായം

“നോക്കൂ, നിങ്ങളീച്ചെയ്യുന്നത്‌ ശരിയല്ല.”

“വരരുത്‌, അടുത്തേക്ക്‌ വരരുത്‌. നീങ്ങിപ്പോകൂ.”

“എന്ത് പ്രശ്നമാണ് പരിഹാരമില്ലാത്തതായിട്ടുള്ളത്‌. ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.”

“നിങ്ങള്‍ക്കത്‌ പറയാം. ഉപദേശം തരാന്‍ വളരെയെളുപ്പമാണ്.”

“ഞാനുപദേശിക്കുകയല്ല. അതിന് സമയവുമില്ല. അതാ വണ്ടി വരുന്നു. ദയവു ചെയ്ത്‌ എഴുന്നേല്‍ക്കൂ.”

“നിങ്ങള്‍ പൊയ്‌ക്കോളു. നിങ്ങള്‍ക്ക്‌ നല്ലൊരു ജോലിയുണ്ടായിരിക്കും. നിങ്ങളുടെ പൂര്‍വികര്‍ കടങ്ങള്‍ക്കു പകരം നിങ്ങള്‍ക്കൊരുപാട് സ്വത്തുക്കള്‍ സമ്പാദിച്ചു തന്നിരിക്കും. സ്നേഹിച്ച പെണ്ണിന്റെ വിവാഹ ക്ഷണപത്രം നിങ്ങള്‍ ഒരിക്കലും വായിച്ചിരിക്കാനിടയില്ല.”

“ഇതൊന്നും ജീവിതത്തിലെ പ്രശ്നങ്ങളല്ല സുഹൃത്തേ. എനിക്കു ജോലിയുണ്ട്‌, എനാല്‍ ഞാനായിട്ട്‌ വരുത്തി വെച്ച കടങ്ങളുമുണ്ട്‌. ഞാന്‍ സ്‌നേഹിച്ച പെണ്ണാണെന്റെ ഭാര്യ. എന്നാല്‍ അവളിന്നെന്റെ കൂടെയല്ല. എന്ന്‌ കരുതി ഞാന്‍ നിങ്ങളുടെ പോലെ ചിന്തിക്കുന്നില്ലല്ലോ.”

“എന്തിനു ചിന്തിക്കാതിരിക്കണം. ബുദ്ധി ആവശ്യത്തിനുപയോഗിക്കാനുള്ളതാണ്”.

.....
.....
.....

രണ്ട് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പോലീസ് സര്‍ജന്‍ ആ വൈകിയ വേളയില്‍ വീട്ടിലേക്ക് തിരിച്ചു.

Tuesday, August 15, 2006

നിര്‍വ്വചനം

ഒഴിച്ചു കളയാനാവാത്ത
കയ്പ്പു നീരാണ് ജീവിതം.
അതില്‍ അമ്ലഗുണം പകരാന്‍
ചേര്‍ത്തിളക്കുന്നതാണ് പ്രണയം.

താക്കോല്‍ കൊടുത്തുരുട്ടി വിടുന്ന
കളിക്കോപ്പാണ് ജീവിതം.
അതിന്റെ തുരുമ്പിച്ച ഭാഗങ്ങളെ വലിച്ചു മുറുക്കുന്ന
ചുറ്റു കമ്പിയാണ് പ്രണയം.

ഉരുകുന്നതാണ് ജീവിതം.
കത്തുന്നതാണ് പ്രണയം.
കത്തുന്ന പ്രണയത്തിലുരുകുന്നതാണ് ജീവിതം.